Sunday, December 27, 2009

കോളണിവാഴ്‌ചയ്ക്കെതിരെ ഇസ്ലാമിന്റെ പോരാട്ടങ്ങള്‍

കോളണിവാഴ്‌ചയ്ക്കെതിരെ ഇസ്ലാമിന്റെ പോരാട്ടങ്ങള്‍

Saturday, October 24, 2009

ആസിയാനും ദേശസ്നേഹവും



‘നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് സംസാരിക്കുന്നത്? ഇന്ത്യക്കു വേണ്ടിയോ, ചൈനക്കു വേണ്ടിയോ?’ ചോദ്യം ഇടതുപക്ഷത്തോട് (സി പി എമ്മിനോട്പ്രത്യേകമായി), ചോദ്യകര്‍ത്താവ് കേന്ദ്രമന്ത്രി ശ്രീ. വയലാര്‍ രവി, വിഷയം ഇന്ത്യ-ആസിയാന്‍ കരാര്‍. ചോദ്യത്തിന്‍റെ മുന ഇടതുപക്ഷത്തിന് തങ്ങളുടെ രാജ്യത്തെക്കാള്‍ സ്നേഹം ചൈന എന്ന രാജ്യത്തോടാണെന്നു തന്നെ. കേന്ദ്രമന്ത്രി ഉന്നയിക്കുന്ന പ്രധാനപ്പെട്ട അവകാശവാദം ഇന്ത്യ-ആസിയാന്‍ സ്വതന്ത്രവ്യാപാര കരാര്‍ഇന്ത്യക്ക് ഏറെ പുരോഗതിയുണ്ടാകുമെന്നും അതിന്‍റെ നഷ്ടം പ്രധാനമായും ചൈനീസ് വിപണിക്കായിരിക്കും , അതുകൊണ്ടാണ് ഇടതുപക്ഷം കരാറിനെ എതിര്‍ക്കുന്നത് എന്നുമാണ്.





ഈ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ചര്‍ച്ചകളില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെല്ലാം ഈയൊരുന്നം വച്ചുള്ള സംസാരമാണ് നടത്തിയതെന്നതും കാണാതിരുന്നുകൂടാ. ഇടതുപക്ഷം ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് കൃത്യമായി മറുപടി പറയുന്നതിനു പകരം വിഷയത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഈ വാദത്തെ കാണുന്നവരെ നാമെങ്ങനെ കുറ്റപ്പെടുത്തും? നമ്മുടെ അനുഭവങ്ങളൊക്കെ അത്തരത്തിലാണല്ലോ.




ഉദാഹരണമായി, ഗാട്ട് കരാറിന്‍റെ കാര്യമോ ഇന്ത്യാ-ശ്രീലങ്കാ സ്വതന്ത്രവ്യാപാരക്കരാറിന്‍റെ കാര്യമോ എടുത്താല്‍ ഇതു ബോദ്ധ്യപ്പെടും. ഗാട്ട് കരാറിന്‍റെ അനന്തരഫലങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. എല്ലാവര്‍ക്കും ഇതറിവുള്ളതാണു താനും. ഇന്ത്യാ-ശ്രീലങ്കാ സ്വതന്ത്രവ്യാപാരക്കരാറിന്‍റെ ഫലം എന്തായിരുന്നുവെന്നത് സാധാരണക്കാര്‍ക്ക് അത്രയെളുപ്പം ബോധ്യപ്പെടാതിരുന്നതിനുള്ള പ്രധാനകാരണം കരാറിലുണ്ടായിരുന്ന മുഖ്യമായ രണ്ടുല്പന്നങ്ങള്‍ ചെമ്പും വനസ്പതിയുമായിരുന്നുവെന്നതു കൊണ്ടായിരുന്നു.




ഇന്ത്യാ-ശ്രീലങ്കാ സ്വതന്ത്രവ്യാപാരക്കരാര്‍ നിലവില്‍ വന്നത് 2000 മാര്‍ച്ചിലാണ്. അതിനുശേഷം ഇന്ത്യയിലേക്കുള്ള ചെമ്പുല്പന്നങ്ങളുടെയും വനസ്പതിയുടെയുംഇറക്കുമതിപ്പെരുക്കം ഓരോ വര്‍ഷവും പലമടങ്ങ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇതിനു പിന്നില്‍ കുശാഗ്രബുദ്ധികളായ ഇന്ത്യന്‍ വ്യാപാരികള്‍ തന്നെയായിരുന്നു.മറ്റു രാജ്യങ്ങളില്‍ നിന്ന് സംസ്കരിച്ച ചെമ്പ് ശ്രീലങ്കയിലേക്ക് ഇറക്കുമതി ചെയ്യുകയും അവിടെ നിന്ന് തങ്ങളുടെ ഫര്‍ണസുകളിലൂടെ ചെമ്പുകമ്പിയുണ്ടാക്കുന്ന ചെറിയ ഒരു പ്രക്രിയ മാത്രം ചെയ്ത് കരാറിന്‍റെ ആനുകൂല്യം പറ്റി ചുങ്കമില്ലാതെ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുക എന്നതായിരുന്നു കരാര്‍ ദുരുപയോഗത്തിന്‍റെ ഒരു രൂപം. ഇതുപോലെ മറ്റുരാജ്യങ്ങളില്‍ നിന്ന് അസംസ്കൃത പാമോയില്‍ ശ്രീലങ്കയില്‍ ഇറക്കുമതി ചെയ്ത് അവിടെ നിന്ന് ഹൈഡ്രജനേറ്റ് ചെയ്ത് വനസ്പതിയാക്കി ശ്രീലങ്കന്‍ ഉല്പന്നമാക്കി ഇന്ത്യയിലേക്ക് തീരുവയില്ലാതെ കയറ്റുമതി ചെയ്യുക എന്നതായിരുന്നു ദുരുപയോഗത്തിന്‍റെ മറ്റൊരു രൂപം. ഇതിനു പിന്നിലും ഇന്ത്യന്‍ വ്യാപാരികള്‍ തന്നെയായിരുന്നു. ഇതാണ് ഇന്ത്യാ-ശ്രീലങ്കാ സ്വതന്ത്രവ്യാപാരക്കരാറിന്‍റെ അനന്തരഫലം.




ചൈനയുടെ ഉല്പന്നങ്ങള്‍ ആസിയാന്‍ കരാറിലുള്‍പ്പെട്ട മറ്റുരാജ്യങ്ങളിലൂടെ കരാറിന്‍റെ നികുതിയിളവ് പറ്റി ഇന്ത്യയിലേക്ക് കൊണ്ടുവരപ്പെടില്ലെന്ന്, ചൈനക്കു വേണ്ടി സംസാരിക്കുന്നുവെന്ന് മറ്റുള്ളവരുടെ മേല്‍ ആരോപിക്കുന്നവര്‍ക്ക്, കരാറിന്‍റെ പേരില്‍ മേനി നടിക്കുന്നവര്‍ക്ക്, പറയാനാകുമോ? ഓരോ ഉല്പന്നത്തിനും ഉറവിടരാജ്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകുമെന്ന് പറയപ്പെടുന്നുണ്ട്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഏത് സര്‍ക്കാര്‍ ഏജന്‍സിയാണെങ്കിലും ഇന്ത്യാ-ശ്രീലങ്കാ കരാറിന്‍റെ കാര്യത്തില്‍ സംഭവിച്ചതു തന്നെ സംഭവിക്കും. എന്തെന്നാല്‍ ഉല്പാദനത്തിന്‍റെ അവസാനത്തെ പ്രക്രിയ മാത്രം ആസിയാന്‍ രാജ്യങ്ങളില്‍ നിര്‍വ്വഹിച്ച് തീരുവയില്ലാതെയോ ഇളവോടുകൂടിയോ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുമെന്നകാര്യം നിസ്തര്‍ക്കമാണ്.




നാം ഉല്പാദിപ്പിക്കുന്ന അതേ ഉല്പന്നങ്ങള്‍ ഇന്ത്യയിലേക്കു തന്നെ ഇറക്കുമതി ചെയ്യപ്പെടുന്ന പ്രശ്നം പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു വിഷയമായതിനാല്‍ അതിന്‍റെ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല. നമ്മുടെ കാര്‍ഷികമേഖലയുടെയും മത്സ്യബന്ധനമേഖലയുടെയും ആസന്നമായ തകര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക ഉന്നയിക്കുമ്പോള്‍ ചൈനക്കു വേണ്ടി സംസാരിക്കുന്നുവെന്ന് ആരോപിക്കുന്നത് എത്ര ബാലിശവും പ്രതിഷേധാര്‍ഹവുമാണ്! ചൈനയുമായി ഒരു സ്വതന്ത്രവ്യാപാരക്കരാറിനായി ഒന്നോ രണ്ടോ റൌണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയവരാണ് ദേശസ്നേഹത്തിന്‍റെ ഉരകല്ലില്‍ ആസിയാന്‍ കരാറിന്‍റെ ദോഷവശങ്ങള്‍ പറയുന്നവരെ ഉരച്ചു മാറ്റുനോക്കുന്നത്. ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറിനുള്ള ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ശ്രീ. വയലാര്‍ രവിക്കോ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കോ പറയാനാകുമോ?




ഇത് അമേരിക്കയുമായുള്ള കരാറല്ലെന്നും ( ‘അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിനുണ്ടാകുന്ന അസഹിഷ്ണുത‘ എന്ന പരിഹാസം ദ്യോതിപ്പിച്ചു കൊണ്ട് ) ഏഷ്യയിലെ ചില ദരിദ്രരാജ്യങ്ങളെ സഹായിക്കനാണെന്നും ഒരു വാദം ഈയിടെ കേട്ടു. നമ്മുടെ കര്‍ഷകരെയും മത്സ്യത്തൊഴിലാളികളെയും പട്ടിണിക്കാരാക്കിയിട്ടാണോ ദരിദ്രരാജ്യങ്ങളെ സഹായിക്കേണ്ടതെന്ന ചോദ്യം നാം നമ്മോടു തന്നെ ചോദിക്കേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍ ഒരു ദേശവിരുദ്ധകരാറായ ആസിയാന്‍ കരാറിന്‍റെ പിറകെ പായുന്നവരുടെ ദേശസ്നേഹം ആരും ഇതുവരെ ചോദ്യം ചെയ്തില്ലെന്നത് ആശ്ചര്യം തന്നെ.




ഏതായാലും 2010 ജനുവരിയോടെ ഇന്ത്യ-ആസിയാന്‍ സ്വതന്ത്രവ്യാപാര കരാര്‍ നിലവില്‍ വരികയാണ്. അന്നുമുതല്‍ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ഉല്പന്നങ്ങള്‍ക്ക് തീരുവയിളവ് നല്‍കേണ്ടത് ഇന്ത്യയുടെ ബാധ്യതയാണ്. അതിന്‍റെ ഗുണദോഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജനതയെന്ന നിലക്ക് ആസിയാന്‍ ഉല്പന്നങ്ങള്‍ സ്വീകരിക്കാനെന്നതുപോലെ തിരസ്കരിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെയെങ്കിലും ദേശസ്നേഹത്തിന്‍റെ അഥവാ മറ്റൊരു രാജ്യത്തോടുള്ള സ്നേഹത്തിന്‍റെ അളവുകോലില്‍ അളന്നെടുക്കപ്പെടില്ലെന്ന് പ്രത്യാശിക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂ.




പിന്‍കുറി: ചൈനയോടുള്ള ഇടതുപക്ഷസ്നേഹത്തെക്കൂറിച്ച് ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിയറ്റ്നാമും ഒരു കമ്മ്യൂണിസ്റ്റ് രാജ്യം തന്നെയെന്നതും മറക്കാതിരിക്കുക.

Friday, October 16, 2009

വായന മരിക്കാതിരിക്കട്ടെ



അറിയുന്നതിന്‍റെ അനുഭൂതിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയിരുന്ന വായനയില്‍ നിന്ന് മലയാളി അകന്നുപോകുകയാണോ? നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പബ്ലിക് ലൈബ്രറികളുടെ ശോചനീയാവസ്ഥ ‘അതെ’ എന്ന ഉത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

അടുത്ത കാലത്ത് നാട്ടിലെ ലൈബ്രറിയില്‍ കണ്ട കാഴ്ച ഏറെ വേദനയുളവാക്കി. അവിടെ ഒരു പഴയ ടെലിവിഷനു മുമ്പില്‍ സീരിയല്‍ കണ്ടിരിക്കുന്ന പുതിയ തലമുറ. ധാരാളം അപൂര്‍വ്വ പുസ്തകങ്ങള്‍ ചിതലരിച്ചു കിടക്കുന്നു. പൊടി തട്ടാന്‍ പോലുംആര്‍ക്കും താല്പര്യമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം.

ഒരു ദശാബ്ദം മുമ്പുള്ള കേരളത്തിന്‍റെ അവസ്ഥയില്‍ നിന്ന് ഏറെ ഭിന്നമാണ് ഇന്നത്തെ അവസ്ഥ. ‘വായന ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്‘ എന്നു പോലും വിശ്വസിച്ചിരുന്നവരുടെ കാലത്തു നിന്ന് ഈ കാലത്തേക്ക് സഞ്ചരിക്കുമ്പോ‍ള്‍ സാങ്കേതികവളര്‍ച്ചയുള്ളവരെങ്കിലും മാനസികവളര്‍ച്ചയില്ലാത്തവര്‍ എന്ന് പുതിയ തലമുറയെ വിലയിരുത്തുന്നവരെ പഴിക്കാനാവില്ല.

മുന്‍ തലമുറയിലെ വായനക്കാരുടെ എണ്ണം ഇന്നത്തെ വായനക്കരുടെതിനെക്കാള്‍ കുറവായിരിക്കാം; എന്നാല്‍, അന്നത്തെ ജനസംഖ്യയില്‍ നിന്നും ഇന്നത്തെ ജനസംഖ്യക്കുള്ള വളര്‍ച്ച കാണാതിരുന്നുകൂടാ. മാത്രവുമല്ല,അന്നത്തെ നിരക്ഷരരുടെ ഭീമമായ സംഖ്യ നിലനില്‍ക്കെയായിരുന്നു അത്രയും വായനക്കാര്‍ ഉണ്ടായിരുന്നത്. ഇന്നത്തെ തലമുറയില്‍ നിരക്ഷരരെ കണ്ടെത്താനാവില്ലെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിടേണ്ടതുണ്ട്.

പുസ്തകങ്ങളെക്കുറിച്ചും ഗൌരവസ്വഭാവമുള്ള വിഷയങ്ങളെക്കുറിച്ചും ആരോഗ്യകരമായ ചര്‍ച്ച നടത്തുന്നതില്‍ പോലും ഈ രണ്ട് കാലഘട്ടങ്ങള്‍ തമ്മിലുള്ള ബൌദ്ധികമായ അന്തരം ഏറെ വലുതാണ്.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു നല്‍കുന്ന അമിതപ്രാധാന്യമാണ് വായന കുറയുന്നതിന്‍റെ പ്രധാനകാരണമെന്ന് ചിലര്‍ പറയുന്നു. എങ്കില്‍ വായന ഇംഗ്ലീഷില്‍ നടക്കുന്നുണ്ടെന്ന് പറയാനാകണം, അതിനുമാവില്ലെന്നതാണു സത്യം.

നമ്മുടെ സ്വീകരണമുറികള്‍ക്കുള്ളില്‍ ടെലിവിഷന്‍ സീരിയലുകളുടെ പെരുമഴ പെയ്തതാണു കാരണമെന്ന്പറയുന്നത് ഒരു പരിധി വരെ ശരിയാണ്. അതു മാത്രമാണോ കാരണം, നിശ്ചയമായും അല്ല. നമ്മുടെ വായനയുടെ സ്വഭാവം മാറിയതും ജീവിതശൈലിയിലെ മാറ്റവും കുടുംബഘടനയുടെ തകര്‍ച്ചയും ഇതിനു കാരണമായിട്ടുണ്ടെന്നത് വിസ്മരിച്ചുകൂടാ.

പുതിയ പ്രസാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതും ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നുവെന്നതും പുതിയ എഴുത്തുകാരുടെ എണ്ണം പെരുകുന്നുണ്ടെന്നതും ശുഭോദര്‍ക്കമാണ്.