Friday, October 16, 2009

വായന മരിക്കാതിരിക്കട്ടെ



അറിയുന്നതിന്‍റെ അനുഭൂതിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയിരുന്ന വായനയില്‍ നിന്ന് മലയാളി അകന്നുപോകുകയാണോ? നമ്മുടെ നാട്ടിന്‍പുറങ്ങളിലെ പബ്ലിക് ലൈബ്രറികളുടെ ശോചനീയാവസ്ഥ ‘അതെ’ എന്ന ഉത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

അടുത്ത കാലത്ത് നാട്ടിലെ ലൈബ്രറിയില്‍ കണ്ട കാഴ്ച ഏറെ വേദനയുളവാക്കി. അവിടെ ഒരു പഴയ ടെലിവിഷനു മുമ്പില്‍ സീരിയല്‍ കണ്ടിരിക്കുന്ന പുതിയ തലമുറ. ധാരാളം അപൂര്‍വ്വ പുസ്തകങ്ങള്‍ ചിതലരിച്ചു കിടക്കുന്നു. പൊടി തട്ടാന്‍ പോലുംആര്‍ക്കും താല്പര്യമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം.

ഒരു ദശാബ്ദം മുമ്പുള്ള കേരളത്തിന്‍റെ അവസ്ഥയില്‍ നിന്ന് ഏറെ ഭിന്നമാണ് ഇന്നത്തെ അവസ്ഥ. ‘വായന ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്‘ എന്നു പോലും വിശ്വസിച്ചിരുന്നവരുടെ കാലത്തു നിന്ന് ഈ കാലത്തേക്ക് സഞ്ചരിക്കുമ്പോ‍ള്‍ സാങ്കേതികവളര്‍ച്ചയുള്ളവരെങ്കിലും മാനസികവളര്‍ച്ചയില്ലാത്തവര്‍ എന്ന് പുതിയ തലമുറയെ വിലയിരുത്തുന്നവരെ പഴിക്കാനാവില്ല.

മുന്‍ തലമുറയിലെ വായനക്കാരുടെ എണ്ണം ഇന്നത്തെ വായനക്കരുടെതിനെക്കാള്‍ കുറവായിരിക്കാം; എന്നാല്‍, അന്നത്തെ ജനസംഖ്യയില്‍ നിന്നും ഇന്നത്തെ ജനസംഖ്യക്കുള്ള വളര്‍ച്ച കാണാതിരുന്നുകൂടാ. മാത്രവുമല്ല,അന്നത്തെ നിരക്ഷരരുടെ ഭീമമായ സംഖ്യ നിലനില്‍ക്കെയായിരുന്നു അത്രയും വായനക്കാര്‍ ഉണ്ടായിരുന്നത്. ഇന്നത്തെ തലമുറയില്‍ നിരക്ഷരരെ കണ്ടെത്താനാവില്ലെന്ന യാഥാര്‍ത്ഥ്യത്തിന് അടിവരയിടേണ്ടതുണ്ട്.

പുസ്തകങ്ങളെക്കുറിച്ചും ഗൌരവസ്വഭാവമുള്ള വിഷയങ്ങളെക്കുറിച്ചും ആരോഗ്യകരമായ ചര്‍ച്ച നടത്തുന്നതില്‍ പോലും ഈ രണ്ട് കാലഘട്ടങ്ങള്‍ തമ്മിലുള്ള ബൌദ്ധികമായ അന്തരം ഏറെ വലുതാണ്.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു നല്‍കുന്ന അമിതപ്രാധാന്യമാണ് വായന കുറയുന്നതിന്‍റെ പ്രധാനകാരണമെന്ന് ചിലര്‍ പറയുന്നു. എങ്കില്‍ വായന ഇംഗ്ലീഷില്‍ നടക്കുന്നുണ്ടെന്ന് പറയാനാകണം, അതിനുമാവില്ലെന്നതാണു സത്യം.

നമ്മുടെ സ്വീകരണമുറികള്‍ക്കുള്ളില്‍ ടെലിവിഷന്‍ സീരിയലുകളുടെ പെരുമഴ പെയ്തതാണു കാരണമെന്ന്പറയുന്നത് ഒരു പരിധി വരെ ശരിയാണ്. അതു മാത്രമാണോ കാരണം, നിശ്ചയമായും അല്ല. നമ്മുടെ വായനയുടെ സ്വഭാവം മാറിയതും ജീവിതശൈലിയിലെ മാറ്റവും കുടുംബഘടനയുടെ തകര്‍ച്ചയും ഇതിനു കാരണമായിട്ടുണ്ടെന്നത് വിസ്മരിച്ചുകൂടാ.

പുതിയ പ്രസാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതും ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള പുസ്തകങ്ങള്‍ മലയാളത്തില്‍ ഇറങ്ങുന്നുവെന്നതും പുതിയ എഴുത്തുകാരുടെ എണ്ണം പെരുകുന്നുണ്ടെന്നതും ശുഭോദര്‍ക്കമാണ്.

No comments:

Post a Comment